Latest News

UKKCA ദേശീയ കൺവൻഷൻ 2020 ജൂലൈ 4ന് ചെൽട്ടൻഹാമിലെ ജോക്കി ക്ലബ്ബിൽ... അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനം.

 
 ബർമിംഗ്ഹാം: യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊൻപതാമത് ദേശീയ 'കൺവൻഷൻ 2020' ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ രാജകീയ പ്രൗഡിയാർന്ന ചെൽട്ടൻഹാമിലെ ജോക്കി ക്ലബ്ബിൽ വച്ച് ഏറെ പുതുമകളോടെ നടത്തുന്നതായിരിയ്ക്കുമെന്ന് ഇന്നലെ ബിർമിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തിൽ ചേർന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗിൽ വച്ച് പ്രസിഡന്റ് ശ്രീ തോമസ് ജോൺ വാരികാട്ട് മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ലോകമെമ്പാടുമുള്ള ക്നാനായ ജനത ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന യു കെ കെ സി എ കൺവൻഷന്റെ തിയതി പ്രഖ്യാപിയ്ക്കുന്നത് ചരിത്രത്തിലാദ്യമെന്നത് പുതുനേതൃത്വത്തിന് യു കെ യിലെ ക്നാനായ സമൂഹത്തോടുള്ള പ്രതിബദ്ധതയും ദീർഘവീക്ഷണവും അർപ്പണബോധവുമായി വിലയിരുത്തുന്നു.


കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നും, അൻപത്തിയൊന്ന് യൂണിറ്റുകൾ ചേർന്ന യു കെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ സമുദായ റാലി മനോഹരമായി നടത്താനുതകുന്ന അതിവിശാലവും പ്രൗഡ ഗംഭീരവുമായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ കുതിരപ്പന്തയങ്ങളാൽ പ്രശസ്തമായ ജോക്കി ക്ലബ്ബിൽ നടത്തുമ്പോൾ, ഈ ദേശീയ കൺവൻഷനിലേയ്ക്ക് സമുദായ സ്നേഹത്തോടെ യു കെയിലെ മുഴുവൻ ക്നാനായ കുടുംബങ്ങളെയും ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി UKKCA ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.