Latest News

UKKCA ക്ക് അഭിമാന മുഹൂർത്തം, ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു...

" എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്നു മാത്രം ഭാര്യയെ സ്വീകരിയക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനെ നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻതലമുറ ദേശം അവകാശമാക്കും".( തോബിത്ത് 4:12)

മൂന്നു രാജാക്കൻമാരെ പുൽക്കുടിലിലേക്ക് വഴികാട്ടിയ നക്ഷത്രം പോലെ സ്വവംശ ക്നാനായ വിവാഹങ്ങൾക്ക് വഴികാട്ടിയാവുന്ന UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണി (ഓഗസ്റ്റ് 1 ശനിയാഴ്ച) മിഴി തുറക്കുകയാണ്. പുത്തൻമാട്രിമോണിയലിൻ്റെ ഉദയം UK യിലെ മാത്രമല്ല ലോകം മുഴുവനിലുമുള്ള ക്നാനായ മാതാപിതാക്കൾക്കും, യുവതീ യുവാക്കൾക്കും ഏറെ സന്തോഷവും ആശ്വാസവുമേകുന്ന വാർത്തയാണ്. രാജ്യ നിയമങ്ങൾക്ക് വിധേയമായി ഏറെ ആകർഷകമായ രീതിയിൽ മറ്റേതൊരു മാട്രിമോണിയൽ പോർട്ടലുകളെയും ബഹുകാതം പിന്നിലാക്കുന്ന രീതിയിലാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. ലോകത്തിൻ്റെ ഏതു കോണുകളിലിരുന്നും തങ്ങൾക്ക് അനുയോജ്യരായ വധൂവരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. വിവാഹ പ്രായമെത്തിയ മക്കൾ മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്നതൊക്കെ ഇനി പഴങ്കഥകളാകട്ടെ.

ജനതകളുടെ പിതാവായ അബ്രഹാമിൻ്റെ കാലം മുതൽ തലമുറകളിലേക്ക് വിശ്വാസദീപം പകർന്നേകുന്നതിൽ അഭിമാനിയ്ക്കുന്നവരാണ് ക്നാനായക്കാർ. നൂറ്റാണ്ടുകൾ കടന്നു പോയിട്ടും വേറിട്ട ജനതയായി തലയുയർത്തി നിൽക്കാൻ ക്നായിത്തോമായുടെ മക്കൾക്കാവുന്നത് അഭംഗുരം തുടരുന്ന സ്വവംശവിവാഹ നിഷ്ഠയിലൂടെയാണ്.
തുറമുഖങ്ങളെ തഴുകിയെത്തിയ കൊടുങ്ങല്ലൂരിലെ കാറ്റിൽ കുടിയേറ്റത്തിൻ്റെ വിജയക്കൊടി പാറിപ്പറപ്പിച്ച ക്നായിത്തൊമ്മൻ പിതാമഹൻ, ഗൂഗിൾ മാപ്പിൻ്റെയും യമഹാബോട്ടിൻ്റെയും സഹായമില്ലാതെ ആർത്തിരമ്പിയ തിരമാലകളെ ചങ്കൂറ്റം കൊണ്ട് കീഴടക്കിയ പുണ്യചരിതനായ ക്നായിത്തോമായുടെ അനുഗ്രഹമാണ് എല്ലാ കുടിയേറ്റ ങ്ങളിലും വിജയഗാഥ രചിയ്ക്കാൻ ക്നാനായ മക്കൾക്ക് സഹായമാകുന്നത്. യുറോപ്പിലെ ക്നാനായ ജനത വലിയ നേട്ടങ്ങൾ കൈവരിയ്ക്കുന്ന ചെറിയ അജഗണമായി, പിടിച്ചുകെട്ടാൻ എതിരാളികളില്ലാത്ത പടക്കുതിരയായി തലയുയർത്തിപ്പിടിച്ച് അസ്ത്ര വേഗത്തിൽ മുന്നോട്ട് കുതിയ്ക്കുമ്പോൾ മാർഗ്ഗദർശിയായ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ UKയിലെ ക്നാനായ സമൂഹം അഞ്ജലിബദ്ധരായി ശിരസ്സ് നമിയ്ക്കുന്നു.

ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ എന്ന ഈ യു കെ കെ സി എ നൂതന സംരംഭത്തിലൂടെ ഒരായിരം ക്നാനായ സ്വവംശ വിവാഹങ്ങൾക്ക് തിരിതെളിയട്ടെ എന്നാശംസിക്കുന്നു.