യുകെയിലെ മലയാളികളുടെ രണ്ടാം തലമുറ കുടിയേറ്റം ഒന്നര ദശകം പിന്നിടുമ്പോൾ, ഇവിടെ എത്തിച്ചേർന്ന മലയാളികളുടെ മക്കൾ ഉന്നത വിജയത്തിലൂടെയും മറ്റും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ അങ്ങനെ എത്തി ചേർന്ന ഒരു കുടിയേറ്റക്കാരൻ ബ്രിട്ടീഷ് സർക്കാരിൻറ്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നു നേടുക എന്ന അപൂർവ്വ സംഭവവും ഇപ്പോൾ ഉണ്ടായിരിക്കുന്നു.
വർഷം തോറും ബ്രിട്ടീഷ് രാജ്ഞി നൽകി ആദരിക്കുന്ന പുരസ്‌കാരങ്ങൾ നേടിയവരുടെ പട്ടികയിലാണ് ഇത്തവണ ഒരു ക്നാനായക്കാരൻ കൂടി ഉൾപ്പെട്ടത്. സ്വിൻഡൺ യൂണിറ്റ് പ്രസിഡൻറ്റും, ഇപ്പോഴത്തെ യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി അഡ്വൈസറും, മുൻ യു. കെ. കെ. സി. എ ജനറൽ സെക്രട്ടറിയുമായ റോയി സ്റ്റീഫനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മെഡൽ നേടിയത്. ഇന്ത്യയിൽ പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എംപെയർ മെഡലിനാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ റോയി സ്റ്റീഫൻ അർഹനായത്.
ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച റോയിയെ തേടി എത്തിയ ഈ പുരസ്‌കാരം യുകെയിലെ മലയാളി സമൂഹത്തിന് കൂടി ലഭിച്ച നേട്ടമായി കണക്കാക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ബക്കിങ്ഹാം പാലസിൽ നിന്നും എത്തിയത്. രാജ്ഞിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊട്ടാരത്തിൽ നിന്നായിരിക്കും പുരസ്‌കാരം ഏറ്റു വാങ്ങുന്നത്.
പ്രതിഭാ റാം സിങ് അടക്കമുള്ള ചില മലയാളികൾക്ക് മുമ്പ് OBE ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾക്ക് അതിൻറ്റെ പേരിൽ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നത്. യു. കെ യിലെ തിരക്കേറിയ ജീവിതത്തിന് ഇടയിൽ ഫുൾ ടൈം ജോലി ചെയ്തും കുടുംബത്തെയും നോക്കി മൂന്ന് രജിസ്‌ട്രേഡ് ചാരിറ്റികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധ്യമായതാണ് റോയി സ്റ്റീഫനെ ബഹുമതിക്ക് അർഹനാക്കിയത്.
ഒരു വ്യാഴവട്ടക്കാലമായി സ്വിൻഡണിൽ താമസിക്കുന്ന റോയി സ്റ്റീഫനെ തേടി പ്രൈഡ് ഓഫ് സ്വിൻഡൻ അവാർഡും എത്തിയിട്ടുണ്ട്. സ്വിൻഡണിലെ സമൂഹത്തിന് നൽകിയ സംഭാവന കണക്കിലെടുത്താണ് മുൻ യു. കെ. കെ. സി. എ സെക്രട്ടറി കൂടിയായിരുന്ന റോയ് സ്റ്റീഫന് അവാർഡ് ലഭിച്ചത്. 2014ലെ ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ഫൈനലിസ്റ്റ് കൂടിയായിരുന്നു റോയ്. സ്വിൻഡൻ കൗൺസിലിൽ ജോലി ചെയ്യുന്ന റോയ് മുൻ പട്ടാളക്കാരൻ കൂടിയാണ്. ഡൽഹിയിലെ ജീവിത കാലം മുതൽ പൊതു രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ പട്ടാള ചിട്ടകൾ വഴി സ്വായത്ത്വമാക്കാൻ കഴിഞ്ഞ സംഘാടക മികവിൻറ്റെ പ്രതിരൂപമായ റോയ് സ്റ്റീഫൻ യുകെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. റോയി സ്റ്റീഫന് യു. കെ. കെ. സി. എ യുടെ അനുമോദനങ്ങൾ !
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.