Latest News

സുനിൽ ആൽമതടത്തിൽ യു. കെ. കെ. സി. എ കൺവൻഷൻ സ്വാഗതഗാന മത്സര വിജയി

യു. കെ. കെ. സി. എ യുടെ പതിനാറാമത് കൺവൻഷൻറ്റെ സ്വാഗതഗാനത്തിൻറ്റെ വരികൾ ലെസ്റ്റർ യൂണിറ്റിലെ ജോയിൻ്റ് സെക്രട്ടറി സുനിൽ മാത്യു ആൽമതടത്തിലിനു സ്വന്തം. ഇദംപ്രദമായി യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി യു. കെ യിലെ ക്നാനായക്കാരിൽ നിന്നും ഈ വർഷത്തെ വെൽക്കം ഡാൻസിനുവേണ്ടിയുള്ള ഗാനത്തിൻറ്റെ വരികൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഏഴ് മികച്ച എൻട്രികളിൽ നിന്നും ഏറ്റവും മികച്ചതായി സുനിലിൻറ്റെ വരികൾ തിരഞ്ഞെടുത്തത് ബഹുമാനപ്പെട്ട വൈദികരും, ഭാഷാ പണ്ഡിതനും, സംഗീത സംവിധായകനും ചേർന്ന പാനലാണ്. 'അനുഗ്രഹവർഷം ചൊരിഞ്ഞിടു അധിപനെ ... എന്ന് തുടങ്ങുന്ന വരികൾ അർത്ഥസമ്പുഷ്ടവും ക്നാനായ തനിമ വിളിച്ചോതുന്നതുമാണ്.

പൈങ്ങളം ചെറുകരപ്പള്ളി ഇടവകക്കാരനാണ് സുനിൽ. ഭാര്യ ലിബി ചാമക്കാല സെൻ്റ് ജോൺസ് പള്ളിഇടവകയും. ജൂലൈ 8 നു നടക്കുന്ന കൺവൻഷനിൽ വച്ച് സുനിലിനെ പ്രത്യേക പുരസ്ക്കാരം നൽകി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആദരിക്കും. ഏപ്രിൽ 22 നു ലെസ്റ്ററിൽ വച്ച് നടന്ന മിഡ്‌ലാൻഡ്‌സ് കൺവൻഷൻ / ലെസ്റ്റർ യൂണിറ്റ് ദശാബ്ദി ചടങ്ങിൽ വച്ച് UKKCA ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയിലാണ് സുനിലിനെ വിജയിയായ തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്.

UKKCA - യെയെ കൂടുതൽ ജനകീയമാക്കുന്നതിൻറ്റെ ഭാഗമായി സുനിലിനൊപ്പം മറ്റ് ആറു പേരുടെയും വരികൾക്ക് ഈണം കൊടുത്ത് ഒരു CD ആയി പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണ് UKKCA സെൻട്രൽ കമ്മിറ്റി. ജൂലൈ 8 നു നടക്കുന്ന കൺവൻഷൻറ്റെ അന്ന് തന്നെ ഈ CD യും പുറത്തിറക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും - UKKCA സെൻട്രൽ കമ്മിറ്റി.